peoplepill id: ramavarma-appan-thampuran
RAT
India
3 views today
3 views this week
Ramavarma Appan Thampuran

Ramavarma Appan Thampuran

The basics

Quick Facts

Places
Work field
Gender
Male
Place of birth
Thrippunithura, Ernakulam district, Kerala, India
Age
66 years
The details (from wikipedia)

Biography

മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ ഭാസ്കരമേനോൻ എഴുതിയ ആളാണ് രാമവർമ്മ അപ്പൻ തമ്പുരാൻ. 1875-ൽ തൃപ്പൂണിത്തുറയിൽ ജനിച്ചു. 1902-ൽ കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി ചേർന്ന് എറണാകുളത്തുനിന്നും രസികമഞ്ജരി എന്ന മാസിക പ്രസിദ്ധീകരിച്ചു. 1929-ൽ കേരളത്തിൽ ആദ്യമായി കേരള സിനിടോൺ എന്ന സിനിമ നിർമ്മാണ കമ്പനിയും ആരംഭിച്ചു. 1915 ൽ ആദ്യമായി കേരളത്തിൽ കാർഷിക വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌.

ജീവിതരേഖ

കൊച്ചിരാജവംശത്തിലെ പ്രസിദ്ധ കവയിത്രിയും സംഗീതവിദുഷിയുമായ കൊച്ചിക്കാവ് തമ്പുരാട്ടിയുടെയും പാഴൂർ തുപ്പൻ നമ്പൂതിരിയുടേയും അഞ്ചാമത്തെ പുത്രനായി 1875 ൽ തൃപ്പൂണിത്തുറയിൽ ജനിച്ചു. രാമവർമ എന്നാണ് യഥാർഥനാമം. സ്ഥാനത്യാഗം ചെയ്ത രാമവർമ (1895-1914)യുടെ ഭാഗിനേയനായിരുന്നു ഇദ്ദേഹം; വിഷവൈദ്യ വിദഗ്ദ്ധനായിരുന്ന കൊച്ചുണ്ണിത്തമ്പുരാന്റെ അനുജനും. രാമവർമയ്ക്ക് രണ്ടു വയസ്സായപ്പോൾ മാതാവ് അന്തരിച്ചു. തന്മൂലം അമ്മാവന്റെ മേൽനോട്ടത്തിലാണ് ബാല്യകാലം കഴിഞ്ഞത്. പത്താമത്തെ വയസ്സിൽ തൃപ്പൂണിത്തുറയിലെ ശ്രീശേഷാചാര്യപാഠശാലയിൽ സംസ്കൃതപഠനം ആരംഭിച്ചു. പിന്നീട് രാജകുമാരൻമാരുടെ വിദ്യാഭ്യാസത്തിനുള്ള സ്ഥാപനമായ 'കളിക്കോട്ട'യിൽ വച്ച് ഇംഗ്ലീഷുഭാഷ പഠിക്കാൻ തുടങ്ങി. അതോടൊപ്പം വ്യാകരണം, അലങ്കാരം, തർക്കം എന്നീ വിഷയങ്ങളും അഭ്യസിച്ചു. 17-ആം വയസ്സിൽ എറണാകുളം സർക്കാർ ഹൈസ്കൂളിൽ ചേർന്ന് മെട്രിക്കുലേഷൻ പാസ്സാകുകയും തുടർന്ന് മദിരാശി പ്രസിഡൻസി കോളജിൽ ചേരുകയും ചെയ്തു. അവിടെ എഫ്.എ.യ്ക്ക് സംസ്കൃതവും ബി.എ.യ്ക്കു മലയാളവുമായിരുന്നു ഐച്ഛിക ഭാഷകളായി സ്വീകരിച്ചത്. ബി.എ. പരീക്ഷയിൽ ശാസ്ത്രവിഷയത്തിൽ ജയിച്ചില്ല. അതോടെ കലാശാലാ വിദ്യാഭ്യാസം അവസാനിപ്പിച്ചു. അന്നു പ്രചാരത്തിലുണ്ടായിരുന്ന ഭാഷാഗ്രന്ഥങ്ങളിൽ ഒട്ടുമുക്കാലും വായിച്ചിരുന്ന തമ്പുരാൻ മലയാളപത്രങ്ങളിലും മദ്രാസ് സ്റ്റാൻഡേർഡ് എന്ന ഇംഗ്ളീഷ് ദിനപത്രത്തിലും ആയിടയ്ക്ക് ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. മദിരാശിയിൽ നിന്നും മടങ്ങിയശേഷം ഇദ്ദേഹം എറണാകുളത്ത് താമസമാക്കി.

ഭാഷാപോഷണത്തിന് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ട് ഇദ്ദേഹം ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്യ്രത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്ക് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണ്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു

തുടർന്ന് തൃശ്ശൂരിൽ താമസം തുടങ്ങിയതു മുതലകണ് തമ്പുരാന്റെ സർവതോമുഖമായ വാസനയ്ക്കും ചിന്താശക്തിക്കും അനുഗുണമായ പ്രവൃത്തിമണ്ഡലങ്ങൾ വികാസം പ്രാപിച്ചത്. അക്കാലത്ത് തൃശ്ശ്ശൂരിൽ സ്ഥാപിതമായ 'ഭാരതവിലാസം സഭ'യിൽ ഇദ്ദേഹം ഗണ്യമായ പങ്കുവഹിച്ചിരുന്നു. 1911-ൽ ഇദ്ദേഹത്തിന്റെ മേല്നോട്ടത്തിൽ 'മംഗളോദയം' കമ്പനി സ്ഥാപിച്ചു. അതിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനം ഒരു പന്തീരാണ്ടു കാലത്തോളം ഇദ്ദേഹം വഹിച്ചു. കമ്പനിയുടെ വകയായി 'കേരളകല്പദ്രുമം' അച്ചുകൂടം വിലയ്ക്കു വാങ്ങുകയും മംഗളോദയം മാസികയുടെ പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. അപ്പോഴേക്കും ഭാരതവിലാസം സഭ അസ്തമിച്ചുപോയതിനാൽ ആ സ്ഥാനത്ത് ഇദ്ദേഹത്തിന്റെ ഉത്സാഹത്തിലും അധ്യക്ഷതയിലും 1913-ൽ 'കൊച്ചി സാഹിത്യസമാജം' രൂപവത്കൃതമായി. മലയാളത്തിലെ പ്രഥമലക്ഷണഗ്രന്ഥമായ ലീലാതിലകം ആദ്യം പ്രസിദ്ധീകരി ച്ചത് മംഗളോദയം മാസികയിലാണ്. ഗ്രന്ഥങ്ങളുടെ മുദ്രണത്തിലും പ്രസാധനത്തിലും ഗണനീയമായ പല പരിഷ്കാരങ്ങളും ഇദ്ദേഹം വരുത്തി. സാഹിത്യപരമായ പ്രധാന പരിശ്രമങ്ങളെല്ലാം ഇക്കാലത്താണ് ആരംഭിച്ചത്. കൊച്ചി സാഹിത്യസമാജത്തിന്റെ പ്രവർത്തനം താമസിയാതെ നിലച്ചുവെങ്കിലും മാസികാപ്രസിദ്ധീകരണം പിന്നെയും തുടർന്നു. അമുദ്രിതങ്ങളായ പ്രാചീനഗ്രന്ഥങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ പ്രാചീന ഗ്രന്ഥമാല എന്നൊരു പ്രസിദ്ധീകരണ പരമ്പര പില്ക്കാലത്തു തുടങ്ങി. വിലങ്ങൻ ശ്രീരാമകൃഷ്ണ ഗുരുകുലത്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രബുദ്ധഭാരതം മാസികയുടെ പത്രാധിപത്യവും ഇദ്ദേഹം കുറച്ചുകാലം വഹിച്ചു. തൃശ്ശൂർ നിവാസികൾ തമ്പുരാനെ അറിഞ്ഞിരുന്നത് സാഹിത്യനായകനെന്നതിനേക്കാൾ ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിലാണ്. വിവേകോദയം സമാജത്തിന്റെ അധ്യക്ഷൻ, അതിന്റെ കീഴിലുള്ള രണ്ടു വിദ്യാലയങ്ങളുടെ മാനേജർ എന്നീ നിലകളിൽ പതിനെട്ടു കൊല്ലക്കാലം പൊതുജന വിദ്യാഭ്യാസരംഗത്ത് ഇദ്ദേഹം പ്രവർത്തിച്ചു. വിലങ്ങൻ ശ്രീരാമകൃഷ്ണ ഗുരുകുലത്തിന്റെ സ്ഥാപകരിൽ ഒരാളെന്ന നിലയ്ക്കും 'ഗുരുകുലവിദ്യാലയ'ത്തിന്റെ മാനേജരെന്ന നിലയ്ക്കും അധഃസ്ഥിതോദ്ധാരണത്തിനായി പരിശ്രമിച്ചിട്ടുണ്ട്.


ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ വാർഷികോത്സവമായി ഒതുങ്ങിനിന്ന സാഹിത്യപരിഷത്തിന് അഖിലകേരള പദവി നല്കിയതും അതിനെ രജിസ്റ്റർ ചെയ്ത ഒരു സ്ഥാപനമാക്കിയതും തമ്പുരാൻ ആണ്. സീതാറാം നെയ്ത്തു കമ്പനിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖൻ, ചെറുതുരുത്തി 'കേരളീയ ആയുർവേദ വൈദ്യശാല'യുടെ സ്ഥാപകൻ, മദിരാശി ആയുർവേദക്കമ്മിഷനിലെ അംഗം, സമസ്തഭാരത ആയുർവേദ മഹാസഭയിലെ കേരള പ്രതിനിധി, മദ്രാസ് സർവകലാശാല ബോർഡ് ഒഫ് സ്റ്റഡീസിലെ അംഗം, സർവകലാശാല പരീക്ഷകൻ, കൊച്ചി പാഠപരിഷ്കരണക്കമ്മിറ്റി അധ്യക്ഷൻ എന്നിങ്ങനെ തമ്പുരാൻ വഹിച്ചിട്ടുള്ള സ്ഥാനങ്ങൾ പലതാണ്. 1929-ൽ കേരളത്തിലെ ആദ്യത്തെ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ 'കേരളാ സിനിടോൺ' സ്ഥാപിച്ചതും തമ്പുരാനാണ്. അതിലൂടെ തന്റെ നോവലായ ഭൂതരായർ ചലച്ചിത്രമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ചിത്രമെഴുത്തും ശില്പവിദ്യയും സംഗീതവും തമ്പുരാനു വശമായിരുന്നു. അഭിനയകലയിലുള്ള പാടവവും അനിതരസാധാരണമായിരുന്നു. എങ്കിലും സാഹിത്യത്തെ ആയിരുന്നു ഇദ്ദേഹം സർവോപരി ആരാധിച്ചത്. 'സാഹിത്യ സാർവഭൌമൻ' എന്ന പദവി നല്കി കേരളീയർ ആദരിച്ചപ്പോഴും 'കൈരളീദാസൻ' എന്നു സ്വയം വിശേഷിപ്പിക്കുവാനേ ഇദ്ദേഹം മുതിർന്നുള്ളു.

ഉപന്യാസകാരൻ, ആഖ്യായികാകർത്താവ്, പത്രപ്രവർത്തകൻ, ഗവേഷകൻ, നിരൂപകൻ, സാമൂഹിക പരിഷ്കർത്താവ് എന്നിങ്ങനെ പല നിലകളിൽ അവിസ്മരണീയനാണ് അപ്പൻതമ്പുരാൻ. വാർധക്യകാലമായപ്പോഴേക്കും തമ്പുരാൻ ഒരു യോഗിയായി മാറിക്കഴിഞ്ഞിരുന്നു. 1941 നവംബർ 19-ന് (കൊല്ലവർഷം 1117 വൃശ്ചികം 4) തൃശ്ശൂരിലെ വീട്ടിൽ വച്ച് പ്രമേഹരോഗം മൂലം ഇദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

അപ്പൻ തമ്പുരാൻ താമസിച്ചിരുന്ന തൃശ്ശൂർ അയ്യന്തോളിലെ വീട് ഇന്ന് ഒരു സ്മാരകമാണ്. തൃശ്ശൂർ കളക്ടറേറ്റിന്റെ പുറകിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അപ്പൻ തമ്പുരാന്റെ ജന്മശതാബ്ദി വർഷമായിരുന്ന 1975-ൽ കേരള സാഹിത്യ അക്കാദമിയുടെ മേൽനോട്ടത്തിലാണ് ഇത് തുടങ്ങിയത്. സാഹിത്യ അക്കാദമിയുടെ ഒരു ആനുകാലിക ലൈബ്രറിയും, സാഹിത്യകാരന്മാർക്ക് താമസിച്ച് രചന നിർവ്വഹിയ്ക്കാൻ കഴിയുന്ന കൈരളീഗ്രാമവുമാണ് ഇവിടെയുള്ളത്. അപ്പൻ തമ്പുരാനെ സംസ്കരിച്ച സ്ഥലം ഇന്ന് ഒരു റോഡിന്റെ നടുക്കാണ്. അതിനാൽ, അന്തിമോപചാരമർപ്പിയ്ക്കാൻ വരുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്.

കൃതികൾ

  • ഭൂതരായർ (ഐതിഹ്യവും ചരിത്രവും സംയോജിപ്പിച്ചിട്ടുള്ള സാമൂഹികരാഷ്ട്രീയ ആഖ്യായിക, 1922-23)
  • ഭാസ്കരമേനോൻ (മലയാളത്തിൽ ഒന്നാമത്തെ അപസർപ്പക നോവൽ, 1905)
  • മംഗളമാല (ഉപന്യാസങ്ങൾ, അഞ്ചുഭാഗങ്ങൾ)
  • പ്രസ്ഥാനപ്രപഞ്ചകം (സാഹിത്യ നിരൂപണം)
  • ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും
  • സംഘക്കളി (1940)
  • കാലവിപര്യയം (1929-30)
  • മുന്നാട്ടുവീരൻ (വള്ളുവക്കമ്മാരന്റെ ജീവിതത്തെ അവലംബിച്ചുള്ള ചരിത്രനാടകം, 1926)
  • ഞാനാരാ? (രമണ മഹർഷിയുടെ ഒരു ലഘുഗ്രന്ഥത്തിന്റെ പരിഭാഷ)
  • കൊച്ചിരാജ്യചരിതങ്ങൾ
  • മലയാള വ്യാകരണം.

ശാകുന്തളം, വാല്മീകിരാമായണം എന്നിവയുടെ വിവർത്തനങ്ങൾക്കെഴുതിയ മുഖവുരകളും എ.ആർ. രാജരാജവർമയുടെ സാഹിത്യസാഹ്യത്തിന് എഴുതിയ അവതാരികയും ഇദ്ദേഹത്തിന്റെ മികച്ച ലേഖനങ്ങളിൽപെടുന്നു. പുസ്തകങ്ങളുടെ കൂട്ടത്തിൽ അഗ്രിമസ്ഥാനത്തു നില്ക്കുന്നത് ഭൂതരായർ ആണ്

അവലംബം

അവലംബ സൂചിക

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ രാമവർമ്മ അപ്പൻ തമ്പുരാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
Ramavarma Appan Thampuran is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
Ramavarma Appan Thampuran
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes