E.P Poulose
Quick Facts
Biography
മുതിർന്ന കോൺഗ്രസ് നേതാവും കേരളസംസ്ഥാനത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ രാമമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവായിരുന്നു ഇ.പി. പൗലോസ്(2 ഒക്ടോബർ 1909 - 17 നവംബർ 1983). കോൺഗ്രസ് പ്രതിനിധിയായാണ് ഇ.പി. പൗലോസ് കേരള നിയമസഭയിലേക്കെത്തിയത്. രണ്ടാം കേരളനിയമസഭ്യയിൽ ഭക്ഷ്യം, കൃഷി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഇ.പി. പൗലോസ്.
ആദ്യകാല ജീവിതം
മൂവാറ്റുപുഴയ്ക്കടുത്തുള്ള രാമമംഗലം എന്ന ഗ്രാമത്തിൽ 1909 ഒക്ടോബർ രണ്ടിനാണ് ഇ.പി. പൗലോസ് ജനിച്ചത്. ബിരുദം നേടിയതിനു ശേഷം ഇദ്ദേഹം 1933-ൽ നിയമത്തിലും മറ്റൊരു ബിരുദം നേടി, അതിനു ശേഷം ഒരു അഭിഭാഷക ജോലിയിലേർപ്പെട്ടിരുന്നു.
രാഷ്ട്രീയ ജീവിതം
1935-ൽ കോൺഗ്രസിൽ ചേർന്നതിനു ശേഷം സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിലും ഇദ്ദേഹം സജീവ പങ്കാളിയായി. സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുക്കുക വഴി 1935ലും 1946ലും ജയിൽവാസം അനുഭവിച്ചിരുന്നു. 1948-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൗലോസ്, രാമംഗലത്തുനിന്ന് കോൺഗ്രസ് പ്രതിനിധിയായാണ് ഒന്നും രണ്ടും കേരളനിയമസഭയിലേക്കെത്തിയത്.
രണ്ടാം കേരളനിയമസഭയിലെ രണ്ട് മന്ത്രിസഭകളിലും ഇദ്ദേഹം മന്ത്രിയായിട്ടുണ്ട്. പട്ടം താണുപിള്ള മന്ത്രിസഭയിൽ (1960 ഫെബ്രുവരി 22 മുതൽ 1962 സെപ്റ്റംബർ 26 വരെ) ഭക്ഷ്യം, കൃഷി എന്നീ വകുപ്പുകളാണിദ്ദേഹം കൈകാര്യം ചെയ്തത്. ആർ. ശങ്കറിന്റെ നേതൃത്തത്തിലുള്ള രണ്ടാം മന്ത്രി സഭയിലും (1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ) അതേ വകുപ്പുകളുടെ തന്നെ മന്ത്രിയായിരുന്നു ഇ.പി. പൗലോസ്.
സംസ്ഥാനത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ ഉന്നമനത്തിനായി സജീവമായി പ്രവർത്തിച്ച ഒരു വ്യക്തികൂടിയായിരുന്നു ഇദ്ദേഹം. 1983 നവംബർ 17ന് ഇ.പി. പൗലോസ് അന്തരിച്ചു.