T. M. Meethiyan
Quick Facts
Biography
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ടി.എം. മീതിയൻ (ജീവിതകാലം: 1929 - 2001 മാർച്ച് 18). കോതമംഗലം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് മൂന്നാം കേരളനിയമസഭയിൽ അംഗമായത്.
ജീവിതരേഖ
നെല്ലിക്കുഴി തോട്ടത്തിക്കുളം കുടുംബത്തിൽ 1929-ൽ ജനിച്ചു. അദ്ദേഹത്തിന് കുഞ്ഞുമ്മി എന്ന വിളിപ്പേര് കൂടി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് മൂന്ന് ആൺമക്കളും മൂന്ന് പെണ്മക്കളുമാണുണ്ടായിരുന്നത്. 2001 മാർച്ച് 18 ന് അദ്ദേഹം അന്തരിച്ചു, മേതല ജുമാംമസ്ജിദിൽ ആണ് അന്ത്യവിശ്രമം കൊള്ളുന്നത്.
രാഷ്ട്രീയ ജീവിതം
1954-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് മീതിയൻ, തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് പൊതു രംഗത്തേക്ക് കടന്നു വരുന്നത്. 26 വർഷം നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം കോതമംഗലത്തെ സിപിഐഎം പ്രഥമ താലൂക്ക് കമ്മറ്റി സെക്രട്ടറി, കോതമംഗലം ബിഡിസി ചെയർമാൻ, സി.പി.ഐ.എം. എറണാകുളം ജില്ലാക്കമ്മിറ്റിയംഗം, കർഷക സംഘം എറണാകുളം ജില്ലാ പ്രസിഡന്റ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു. മൂന്നാം കേരളനിയമസഭയിൽ അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ കുട്ടനാട്ടിലെ കുപ്പപുറം വെടിവയ്പ്പുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌ന പ്രമേയത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതിനെത്തുടർന്ന് ഇ.കെ. ഇമ്പിച്ചിബാവ, സി.ബി.സി. വാര്യർ, ഇ.എം. ജോർജ്ജ് എന്നിവരുടെ നേതൃത്തത്തിൽ സഭയിൽ മുദ്രാവാക്യം വിളിയ്ക്കുകയും സ്പീക്കറിന്റെ ചേംബറിൽ കയറി പേപ്പറുകളും മറ്റ് എടുത്തെറിയുകയും ചെയ്തു. ടി.എം. മീതിയൻ സ്പീക്കറിന്റെ ഡയസിൽ കയറുകയും മൈക്ക് കൈക്കലാക്കി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എ.വി. ആര്യൻ. ഇ.കെ. ഇമ്പിച്ചിബാവ, പ്രഭാകര തണ്ടാർ, ടി.എം. മീതിയൻ, ഇ.എം. ജോർജ് എന്നി സിപിഎം അംഗങ്ങളെ സഭ പിരിയുന്നതുവരെ സസ്‌പെന്റ് ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970 | കോതമംഗലം നിയമസഭാമണ്ഡലം | എം.ഐ. മാർക്കോസ് | സ്വതന്ത്രൻ | 22,930 | 1,327 | ടി.എം. മീതിയൻ | സി.പി.ഐ.എം. | 21,603 |
2 | 1967 | കോതമംഗലം നിയമസഭാമണ്ഡലം | ടി.എം. മീതിയൻ | സി.പി.ഐ.എം. | 21,210 | 6,388 | എം.ഐ. മാർക്കോസ് | കേരള കോൺഗ്രസ് | 14,822 |