P. P. Krishnan
Quick Facts
Biography
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.പി. കൃഷ്ണൻ (ജീവിതകാലം:ഏപ്രിൽ 1920 - 24 ജൂൺ 2000). ഒറ്റപ്പാലം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1920 ഏപ്രിൽ മാസത്തിൽ ജനിച്ചു, എൻ.എസ്. കാർത്യായിനി ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് ഒരു മകനും മൂന്ന് മകളുമാണുണ്ടായിരുന്നത്. ചെറുപ്പത്തിൽ ജോലി അന്വേഷിച്ച് മൈസൂറിലെത്തുകയും അവിടെവച്ച് സ്വദേശി പ്രസ്ഥാനത്തിൽ ആകൃഷ്ഠനാവുകയും അതിൽകൂടി രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു.
രാഷ്ട്രീയ ജീവിതം
1948-ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ഇന്ത്യൻ റെയിൽവേയിൽ ജോലിചെയ്തിരുന്നു. 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാലക്കാട് ജില്ലാക്കമിറ്റി അംഗമായ അദ്ദേഹം 1969ലും 1977ലും സി.പി.ഐ.എമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായി. ഷൊർണ്ണൂർ നഗരസഭയുടെ ആദ്യ ചെയർമാനയിരുന്ന അദ്ദേഹം അതിനു മുൻപ് ഷൊർണ്ണൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 1965ലാണ് ഇദ്ദേഹം സി.പി.ഐ.എം. സംസ്ഥാനക്കമിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഷൊർണ്ണൂർ സഹകരണ അർബൻ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു ട്രേഡ്‌യൂണിയൻ സംഘാടകനുമായിരുന്നു. സി.ഐ.ടി.യു. പാലക്കാട് ജില്ലാ പ്രസിഡന്റ്, സതേൺ റെയിൽവേ ലേബർ യൂണിയൻ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, മെറ്റൽ ലേബർ യൂണിയൻ, മാച്ച് വർക്കേഴ്സ് യൂണിയൻ, കെ.എ. സമാജം എംപ്ലോയീസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യമുയർത്തി 1946-ൽ നടന്ന പൊതുപണിമുടക്കിന് നേതൃത്തം നൽകിയതിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നിരുന്നു. 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചപ്പോൾ ഒളിവിൽ പോയ അദ്ദേഹം അടുത്തവർഷം അറസ്റ്റുചെയ്യപ്പെട്ടു. വെല്ലൂർ, മദ്രാസ്, കടലൂർ ജയിലുകളിലായി ഏകദേശം രണ്ടു വർഷക്കാലത്തോളം ജയിൽവാസം അനുഷ്ഠിച്ചു. 1949നും 1966 നും ഇടയിൽ മൂന്ന് പ്രാവശ്യം ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ജയിൽ വാസം അനുഭവിക്കുന്നതിനിടയിലാണ് 1965-ലെ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് നിന്നും ഇദ്ദേഹം വിജയിക്കുന്നത്, തുടർന്ന് ഒറ്റപ്പാലത്ത് നിന്ന് അടുത്ത രണ്ട് തവണയും വിജയിച്ച് മൂന്നും നാലും കേരള നിയമസഭകളിൽ അദ്ദേഹം അംഗമായി. അഞ്ചാം നിയമസഭയിലേക്ക് തൃത്താലയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപെട്ടു. 2000 ജൂൺ 24ന് അദ്ദേഹം അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1977 | തൃത്താല നിയമസഭാമണ്ഡലം | കെ. ശങ്കരനാരായണൻ | കോൺഗ്രസ് | 34,012 | 9,724 | പി.പി. കൃഷ്ണൻ | സി.പി.ഐ.എം. | 24,288 |
2 | 1970 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | പി.പി. കൃഷ്ണൻ | സി.പി.ഐ.എം. | 22,056 | 2,239 | ലീലാ ദാമോദര മേനോൻ | കോൺഗ്രസ് | 19,817 |
3 | 1967 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | പി.പി. കൃഷ്ണൻ | സി.പി.ഐ.എം. | 21,086 | 7,963 | എം.എൻ. കുറുപ്പ് | കോൺഗ്രസ് | 13,123 |
4 | 1965 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | പി.പി. കൃഷ്ണൻ | സി.പി.ഐ.എം. | 20,802 | 8,242 | കെ. ശങ്കരനാരായണൻ | കോൺഗ്രസ് | 12,560 |