Njeralathu Harigovindan
Quick Facts
Biography
വെറുമൊരു ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ ആറാമത്തെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിലൂടെ ഈ സംഗീതത്തിനു ജാതി, മത വ്യത്യാസമില്ലാതെ പുതുതലമുറക്കിടയിൽ താൽപര്യം നിലനിർത്തുന്നതിൽ ഹരിഗോവിന്ദൻ ഒരു സുപ്രധാനമായ പങ്കുവഹിച്ചു. 14 വ്യത്യസ്ത പുരസ്കകാരങ്ങൾ നേടിയിട്ടുള്ള ഹരിഗോവിന്ദൻ കലാ സംബന്ധമായി 3 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കാലിക പ്രസക്തിയുള്ള 50ൽ പ്പരം പുത്തൻ ഗാനങ്ങൾ സ്വന്തമായി രചിച്ചു പാടിയ ഹരിഗോവിന്ദൻ 'വന്ദേ മാതരം', 'ദൈവദശകം', 'റമളാൻ ഗീതം' തുടങ്ങിയ പ്രസിദ്ധ കൃതികൾ സോപാനശൈലിയിൽ അവതരിപ്പിച്ച കേരളത്തിലെ ആദ്യ ഗായകനാണ്. കേരള ചരിത്രത്തിലെ ആദ്യ സംസ്ഥാനതല സോപാനസംഗീതോൽസവം (2014), പെൺപാട്ട് എന്ന പേരിൽ ആദ്യ വനിതാ സംഗീതോൽസവം(2015), പാട്ടോളം എന്ന പേരിൽ ആദ്യ കേരളസംഗീതോൽസവം (2016, 2017, 2018) എന്നിവ കേരളത്തിൻറെ മധ്യഭാഗമായ ഷൊർണൂർ ഭാരതപ്പുഴത്തീരത്തും മുംബൈ നഗരത്തിലും സംവിധാനം ചെയ്തു നടപ്പിലാക്കിയത് ഞെരളത്ത് ഹരിഗോവിന്ദൻ ആണ്. 35ാം വയസിൽ പിതാവിൻറെ സ്മരണക്കായി മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ഇടക്കവാദ്യം പ്രതിഷ്ഠിച്ച ശ്രീകോവിലോടുകൂടിയ 'ഞെരളത്ത് കലാശ്രമം' സ്ഥാപിച്ചു. വാദ്യം പ്രതിഷ്ഠയായുള്ള ആദ്യത്തെ ക്ഷേത്രം കൂടിയാണിത്. ഞെരളത്ത് രാമപ്പൊതുവാൾ പബ്ളിക് ചാരിറ്റബ്ൾ ട്രസ്റ്റിൻറെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുംകൂടിയാണ് ഹരിഗോവിന്ദൻ
വെറും ക്ഷേത്രകലയായി ഒടുങ്ങുമായിരുന്ന കൊട്ടിപ്പാടിസ്സവ എന്ന കലാരൂപവുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന മുഴുവൻ സോപാനഗായകരേയും സംയോജിപ്പിച്ച് പാട്ടുശേഖരണം, ഡാറ്റാ ശേഖരണം, സോപാനസംഗീതോൽസവങ്ങൾ എന്നിവയും മറ്റു കേരളീയ പാട്ടു രൂപങ്ങളുടെ മാത്രം പ്രചാരണപ്രവർത്തനങ്ങളും, ഇടക്കയും മിഴാവും ചേർന്ന *ഹരിഗോവിന്ദഗീതം* എന്ന പുതുമയാർന്ന പാട്ടവതരണ പരിപാടിയും മറ്റു കലാസേവനപ്രവർത്തനങ്ങളും നടത്തിവരുന്നത് പ്രമാണിച്ച് 2016ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് 42 വയസുള്ള ഹരിഗോവിന്ദനു ലഭിച്ചുകഴിഞ്ഞു. അക്കാദമി അവാർഡിനായി അപേക്ഷ നൽകാതെ അവാർഡ് നേടിയ വ്യക്തികൂടിയാണ് ഹരിഗോവിന്ദൻ. സ്വന്തം പിതാവിനു 65ാ വയസിൽ ലഭിച്ച പുരസ്കാരമാണിത്. ഇപ്പോൾ ഷൊർണൂർ ഭാരതപ്പുഴത്തീരത്ത് പരുത്തിപ്രയിൽ കേരളത്തിലെ ആദ്യ കേരളസംഗീതവിദ്യാലയം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്ന ഒരു ചെറു വിഭാഗത്തിൻറെ വളരെ ചെറിയൊരു നാട്ടുപാട്ടുമാത്രമാണ് സോപാനസംഗീതമെന്നും ക്ഷേത്രബാഹ്യരായി നിലകൊണ്ട ഭൂരിഭാഗത്തിൻറെയും പാട്ടുകളുടെ ആകെത്തുക മാത്രമാണ് കേരളസംഗീതം എന്നും തെളിവു സഹിതം മലയാളിയെ ബോധ്യപ്പെടുത്തിയ ആദ്യ ഗായകനും ഹരിഗോവിന്ദൻ ആണ്.
വരൾച്ചയും വർഗീയതയും മുതലാളിത്തവും അസഹിഷ്ണുതയുമാണ് നാം നേരിടേണ്ടുന്ന പ്രധാന വെല്ലുവിളികൾ എന്നു തൻറെ ഓരോ വേദിയിലും ആവർത്തിച്ചോർമിപ്പിക്കുന്ന ഹരിഗോവിന്ദൻ ഇപ്പോൾ കൃഷി, വനവൽക്കരണം, മഴവെള്ള സംഭരണം, ആദിവാസി പ്രശ്നങ്ങൾ എന്നീ എന്നീ മേഖലകളിലും ആവുന്നത്ര ഇടപെടുന്നു. യു ട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഹരിഗോവിന്ദനാണ് കൊട്ടിപ്പാടി സേവയെന്ന പേരിൽ ഒരു വിഭാഗത്തിൻറെ കുത്തകയാക്കിവെക്കാൻ ശ്രമിച്ചൊരു കലാരൂപത്തെ ആദ്യമായി ഭാരതത്തിനു പുറത്തെത്തിച്ചത്. 15ൽ പരം വിദേശരാജ്യങ്ങളിലുൾപ്പെടെ അയ്യായിരത്തി അറുനൂറിൽപ്പരം വേദികളിൽ തൻറെ കലാരൂപവുമായി ഇദ്ദേഹം യാത്ര ചെയ്തുകഴിഞ്ഞു. സ്വന്തമായി ധാരാളം പാട്ടുകളും കവിതകളും രചിച്ച് പാടുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഏറെ തിരക്കിട്ട ജീവിതത്തിൽ നിന്നൊരു മോചനത്തിനു വേണ്ടിയും മറ്റു കലാപ്രവർത്തകരേയും കേരളീയ വാദ്യ വാചികാദി സംഗീത രൂപങ്ങളേയും പ്രോൽസാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടാൻ വേണ്ടിയും തൻറെ 45 ാം വയസാവുന്നതോടെ വ്യാപകമായ പൊതുവേദികൾ അവസാനിപ്പിക്കുകയാണെന്ന് 2017ൽ എടപ്പാളിലെ സംഗീതോൽസവ വേദിയിൽ ഹരിഗോവിന്ദൻ പ്രഖ്യാപിച്ചു കഴിഞ്ഞു. 2018 മാർച്ച് 1 മുതൽ അഹല്യ ഇൻറർനാഷണൽ ഫൌണ്ടേഷൻറെ ആസ്ഥാനമായ പാലക്കാട് വാളയാറിലുള്ള കാമ്പസിൽ ഉയർന്നു വരുന്നതും ഇന്ത്യയിലെ ഏറെറവും വലിയ സാംസ്കാരിക സ്ഥാപനമാവാൻ ഒരുങ്ങുന്നതുമായ *അഹല്യ ഹെറിറ്റേജ് വില്ലേജ്* ന്റെ അസിസ്റ്റൻറ് ഡയറക്ടറായി ചുമതലയേറ്റു പ്രവർത്തിക്കുന്നു.
1975 ജൂലൈ 3ന് വ്യാഴാഴ്ച മിഥുനത്തിലെ അശ്വതി നാളിൽ മലപ്പുറം അങ്ങാടിപ്പുറം പാലക്കോട് ഗ്രാമത്തിൽ ജനിച്ച ഹരിഗോവിന്ദൻ ഇപ്പോൾ പാലക്കാട് ജില്ലയിലെ ഷൊർണൂർ റെയിൽവേ സ്റ്റേഷനു തൊട്ടടുത്തു 'ഒരുമ' ഗ്രാമത്തിൽ താമസിക്കുന്നു. പിതാവ് ഞെരളത്ത് രാമപ്പൊതുവാൾ 1996 ആഗസ്ത് 13 നു അന്തരിച്ചു. രണ്ടു സഹോദരിമാരും 4 സഹോദരൻമാരുമുണ്ട്. അമ്മ കൊല്ലീരി ലക്ഷ്മിക്കുട്ടിയമ്മ (82) ജീവിച്ചിരിക്കുന്നു. ഭാര്യ മായ സ്വാശ്രയ കോളേജിൽ മാത്തമാറ്റിക്സ് അസിസ്റ്റൻറ് പ്രൊഫസർ ആണ്. മകൾ ശ്രീലക്ഷ്മി തൃശൂർ സെൻറ് തോമസ് കോളേജിൽ വിഷ്‌വൽ കമ്യൂണിക്കേഷൻ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കല,മൽസരിക്കാനും മറികടക്കാനുമുള്ള ഉപാധിയല്ല,കലാപ്രവർതെതകർക്ക് കല മാത്രമേ ലഹരിയായി വേണ്ടൂ എന്നീ സുപ്രധാന ആശയങ്ങൾ അതി ശക്തമായി ഹരിഗോവിന്ദൻ ആചരിക്കുന്നു.കലാപ്രവർത്തകരുടെ ധർമം പേരും പ്രസിദ്ധിയും പണവും സമ്പാദിക്കൽ മാത്രമല്ല സ്വസമൂഹത്തിൻറെ വ്യസനങ്ങളിൽ ആശ്വാസമാവാൻ സമരസമേതം ഇടപെടൽ കൂടിയാണെന്ന് ആവർത്തിച്ചോർമിപ്പിച്ചുകൊണ്ടിരിക്കുന്ന *പ്രകൃതിപക്ഷം* മാത്രമുള്ള ദുർലഭം മാതൃകാ കലാപ്രവർത്തകരിലൊരാളാണ് ഞെരളത്ത് ഹരിഗോവിന്ദൻ.