N. K. Balakrishnan
Quick Facts
Biography
കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവും മന്ത്രിയുമായിരുന്നു എൻ.കെ. ബാലകൃഷ്ണൻ. ഹോസ്ദുർഗ് നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നും നാലും കേരളനിയമസഭയിലേക്കും ഉദുമയിൽ നിന്ന് അഞ്ചാം കേരള നിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലെ ആരോഗ്യം, സഹകരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് എൻ.കെ. ബാലകൃഷ്ണനാണ്.
കുടുംബം
1919 ജൂലൈ ഒന്നിന് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് ജനിച്ചു, കെ. അംബു എന്നായിരുന്നു പിതാവിന്റെ പേര്. സി. നാരായണിയാണ് ഭാര്യ. ഇവർക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്. 1996 ജൂലൈ 29ന് അന്തരിച്ചു.
രാഷ്ട്രീയ ജീവിതം
എസ്.എസ്.എൽ.സി. പാസയതിനുശേഷം മധുരയിൽ സഹകരണ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. അദ്ദേഹം താമസിച്ചതിനു തൊട്ടടുത്തുണ്ടായിരുന്ന അമേരിക്കൻ കോളേജിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം ബ്രിട്ടീഷ് സർക്കാർ സർവീസിൽ നിന്നും രാജിവച്ച് തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തി. 1942-ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്ത അദ്ദേഹം ചിറക്കൽ ടി. ബാലകൃഷ്ണനൊപ്പം നിരോധനം ലംഘിച്ച് പയ്യന്നൂരിൽ പ്രസംഗിച്ചതിന് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. ഹോസ്ദുർഗ് കോൺഗ്രസ് താലൂക്ക് സെക്രട്ടറി, കെ.പി.സി.സി അംഗം എന്നീ നിലക്കളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, ഖാദി-ഹിന്ദി പ്രചരണം, ഹരിജനോദ്ധാരണം, മദ്യനിരോധനം തുടങ്ങിയ ദേശീയ പ്രസ്ഥാങ്ങളുടെ അനുബന്ധ പ്രവർത്തകനായിരുന്നു. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഒരു സ്ഥാപകാംഗം കൂടി ആയിരുന്നു എൻ.കെ. ബാലകൃഷ്ണൻ. എന്നാൽ പിന്നീട് ഇദ്ദേഹം പി.എസ്.പി.യിൽ ചേരുകയും പി.എസ്.പി.യുടെ സംസ്ഥാന കമ്മിറ്റി അംഗമാവുകയും ചെയ്തു. നിരവധി തവണകളിലായി ഇദ്ദേഹം സംസ്ഥാന വെയർ-ഹൗസിംഗ് കോർപ്പറേഷന്റെ ചെയർമാനായിരുന്നു. കേരള സർവ്വകലാശാല സെനറ്റംഗം, കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്(1960-72 വരേയും, 1978-1996 വരേയും), കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ സെക്രട്ടറി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
1965-ലെ തിരഞ്ഞെടുപ്പിൽ ഹോസ്ദുർഗിൽ നിന്നും എസ്.എസ്.പി. പ്രതിനിധിയായി മത്സരിച്ച ഇദ്ദേഹം മുൻ എം.എൽ.എ. ആയിരുന്ന കോൺഗ്രസിലെ എം.കെ. നമ്പ്യാരെ പരാജയപ്പെടുത്തി. തൊട്ടടുത്ത മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിലും എസ്.എസ്.എസ്.പി.യുടെ പ്രതിനിധിയായി ഇദ്ദേഹം ഹോസ്ദുർഗിൽ നിന്ന് വിജയിച്ചു. നാലും അഞ്ചു കേരളനിയമസഭകളിൽ പി.എസ്.പി.യേയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്, നാലാം നിയസഭയിൽ ഹോസ്ദുർഗിൽ നിന്നും അഞ്ചാം നിയമസഭയിൽ ഉദുമ മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്. ആറാം നിയമസഭയിലേക്ക് സ്വതന്ത്രനായി ഉദുമയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ. പുരുഷോത്തമനോട് പരാജയപ്പെട്ടു.
രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലാണ് ഇദ്ദേഹം കേരളത്തിന്റെ ആരോഗ്യം, സഹകരണാ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സ്ഥാനമേൽക്കുന്നത്. ഇദ്ദേഹം മന്തിയായിരുന്ന സമയത്താണ് ഗുരുവായൂർ ക്ഷേത്രം സർക്കാർ എറ്റെടുത്തത്.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1980 | ഉദുമ നിയമസഭാമണ്ഡലം | കെ. പുരുഷോത്തമൻ | സി.പി.ഐ.എം. | 31,948 | 5,020 | എൻ.കെ. ബാലകൃഷ്ണൻ | സ്വതന്ത്രൻ | 26,928 |
2 | 1977 | ഉദുമ നിയമസഭാമണ്ഡലം | എൻ.കെ. ബാലകൃഷ്ണൻ | സ്വതന്ത്രൻ | 31,690 | 3,545 | കെ.ജി. മാരാർ | ബി.എൽ.ഡി. | 28,145 |
3 | 1970 | ഹോസ്ദുർഗ് നിയമസഭാമണ്ഡലം | എൻ.കെ. ബാലകൃഷ്ണൻ | പി.എസ്.പി. | 29,568 | 7,344 | കെ.വി. മോഹൻലാൽ | എസ്.എസ്.പി. | 22,224 |
4 | 1967 | ഹോസ്ദുർഗ് നിയമസഭാമണ്ഡലം | എൻ.കെ. ബാലകൃഷ്ണൻ | എസ്.എസ്.പി. | 25,717 | 9,661 | എം.എൻ. നമ്പ്യാർ | കോൺഗ്രസ് | 16,056 |
5 | 1965 | ഹോസ്ദുർഗ് നിയമസഭാമണ്ഡലം | എൻ.കെ. ബാലകൃഷ്ണൻ | എസ്.എസ്.പി. | 30,558 | 13,442 | എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ | കോൺഗ്രസ് | 17,116 |