Mohanan Vaidyar
Quick Facts
Biography
കേരളത്തിലെ ഒരു നാട്ടുവൈദ്യനാണ് മോഹനൻ വൈദ്യർ എന്നറിയപ്പെടുന്ന മോഹനൻ നായർ. ഇദ്ദേഹം നടത്തിയ അശാസ്ത്രീയ ചികിത്സ കാരണമുണ്ടായ മരണത്തെത്തുടർന്ന് നരഹത്യയ്ക്ക് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയുണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന് ചികിത്സ നടത്താനുള്ള നിയമപരമായ യോഗ്യതയില്ലെങ്കിലും വിവിധ രോഗങ്ങൾക്ക് ചികിത്സ ചെയ്യുന്നുണ്ട് എന്നാണ് പരാതി. താൻ ആരെയും ചികിത്സിക്കാറില്ല എന്നും ആരുടെ കയ്യിൽ നിന്നും ഫീസ് വാങ്ങാറില്ല എന്നുമാണ് മോഹനൻ നായർ അവകാശപ്പെടുന്നത്. കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന് മോഹനൻ വൈദ്യരെ കസ്റ്റഡിയിൽ എടുക്കുകയും ഉണ്ടായിട്ടുണ്ട്. 2021 ജൂൺ 19 -ന് മോഹനൻ വൈദ്യരെ തിരുവനന്തപുരത്തെ കാലടിയ്ക്ക് അടുത്തുള്ള ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് 19 ബാധിച്ചായിരുന്നു മോഹനൻ നായരുടെ മരണം
വൈറസുകൾ ഇല്ല, മരണം ഇല്ല, കാൻസർ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങൾ പല വേദികളിലും നടത്തുന്നയാളാണ് മോഹനൻ നായർ. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും അടിസ്ഥാന ധാരണയില്ലാത്ത പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
വിവാദങ്ങൾ
- പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നര വയസ്സുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയ ചികിത്സ നൽകി മരണത്തിനിടയാക്കി എന്ന സംഭവത്തിൽ മോഹനൻ നായർക്കെതിരേ മാരാരിക്കുളം പോലീസ് നരഹത്യയ്ക്ക് കേസെടുക്കുകയുണ്ടായി. ഇതേപ്പറ്റി അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനെത്തുടർന്നാണ് നടപടി.
- അർബുദരോഗബാധിതനായ ഒരാളോട്, സ്വയംഭോഗം ചെയ്തതിനാലാണ് രോഗം വന്നത് എന്ന് മോഹനൻ നായർ പറയുകയും ചികിത്സ വൈകിപ്പിക്കാൻ ഇടയാക്കുകയും ചെയ്തിരുന്നു. കൂടാതെ അലോപ്പതി ചികിത്സ ബിസിനസ്സാണെന്ന് പറഞ്ഞ മോഹനൻ അയാളോട് ഒരു മാസം മുപ്പതിനായിരം രൂപ വാങ്ങിയെന്നും പറയപ്പെടുന്നു.
- ട്വന്റിഫോർ എന്ന ചാനലിൽ നടത്തിയ “ജനകീയ കോടതി” എന്ന പരിപാടിക്കിടെ മോഹനൻ നായർക്ക് ബോധം നഷ്ടപ്പെടുന്ന തരത്തിലുള്ള വെള്ളം നൽകി എന്ന് ഇദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ഇദ്ദേഹം കൊടുത്ത കേസിനെത്തുടർന്ന് പരിപാടിയുടെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത് കോടതി സ്റ്റേ ചെയ്യുകയുണ്ടായി. വിലക്ക് നീക്കി ചാനൽ ഇത് സംപ്രേഷണം ചെയ്തു.
- അർബുദബാധിതനായ ഒരു ചെറുപ്പക്കാരന് മോഹനൻ നായർ അശാസ്ത്രീയമായ ചികിത്സ നൽകി മരണത്തിനിടയാക്കി എന്ന ആരോപണമുണ്ടായിരുന്നു.
- നിപ്പ രോഗത്തെപ്പറ്റി മോഹനൻ നായർ വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. ഇങ്ങനെ ഒരു രോഗമില്ല എന്നും ഇത് വവ്വാലുകളിൽ നിന്ന് പകരുകയില്ല എന്നും ഇദ്ദേഹം അവകാശവാദം ഉയർത്തിയിരുന്നു. ഇത്തരം പ്രചരണങ്ങൾ നടത്തിയാൽ കർശന നടപടി നേരിടേണ്ടിവരും എന്ന് ആരോഗ്യമന്ത്രി പ്രസ്താവന നടത്തിയിരുന്നു.
- കൊറോണ വൈറസ് ബാധ താൻ ചികിത്സിക്കാമെന്ന് അവകാശപ്പെട്ടതിനെത്തുടർന്ന് മോഹനൻ വൈദ്യർ അറസ്‌റ്റുചെയ്യപ്പെട്ടിരുന്നു.