K. Chandrasekhara Sasthri
Quick Facts
Biography
കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ. ചന്ദ്രശേഖര ശാസ്ത്രി. കുന്നത്തൂർ നിയമസഭാമണ്ഡലത്തിൽ നിന്നും ആർ.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. കേരള നിയമസഭയിൽ അംഗമാകുന്നതിനു മുൻപ് 1954-56 കാലഘട്ടത്തിൽ ഇരവിപുരം മണ്ഡലത്തിൽ നിന്നും തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കുടുംബം
1919-ൽ കൊല്ലം ജില്ലയിലെ മുളവനയിലാണ് ജനനം; കണ്ണൻ പുല്ലൻ, ചാത്തൻ പുല്ലി എന്നിവരായിരുന്നു മാതപിതാക്കൾ. കറുമ്പി, തേവൻ, കുഞ്ഞൻ, നാണു എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സഹോദരങ്ങൾ. ഇദ്ദേഹത്തിന് നാലാണ്മക്കളും രണ്ട് പെണ്മക്കളുമുണ്ടായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന ശാസ്ത്രി ഉത്തരവാദിത്ത പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽ വാസവും അനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം
തിരുവിതാംകൂർ സംസ്കൃത കോളേജിൽ പഠിക്കുന്ന കാലത്താണിദ്ദേഹം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ചേരുന്നത്. ശാസ്ത്രി ശിരോമണി ബിരുദധാരിയായ ഇദ്ദേഹം നെടുമങ്ങാട് സ്കൂളിലെ അധ്യാപകനായിരിക്കുന്ന സമയത്ത് അയിത്തത്തിനെതിരെ പ്രതികരിച്ചതിന് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് അധ്യാപന പ്രവർത്തി രാജിവച്ച് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തകനായി, 1950ലാണ് ഇദ്ദേഹം ആർ.എസ്.പി.യിൽ അംഗമാകുന്നത്. നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിരുന്ന ഇദ്ദേഹം കശുവണ്ടി തൊഴിലാളികളുടെ അവകാശങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും അക്ഷീണം പ്രവർത്തിച്ചിരുന്നു. പി.കെ. ചാത്തൻ മാസ്റ്ററോടൊപ്പം ചേർന്ന് കെ.പി.എം.എസ്. രൂപീകരണാത്തിനും ഇദ്ദേഹം മുൻകൈയ്യെടുത്തു. കേരളപുലയ മഹാസഭാ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗം, പ്രൈവറ്റ് മെമ്പേഴ്സ് ബിൽസ് ആൻഡ് റെസലൂഷ്യൻ കമ്മിറ്റിയംഗം (1968-69) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1958-ൽ ചന്ദനത്തോപ്പിലെ കശുവണ്ടി തൊഴിലാളി സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്നാം കേരളനിയമസഭയിൽ കുന്നത്തൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം നാലാം നിയമസഭയിൽ കുഴൽമന്ദത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970 | കുഴൽമന്ദം നിയമസഭാമണ്ഡലം | പി. കുഞ്ഞൻ | സി.പി.ഐ.എം. | 31,784 | 15,554 | കെ. ചന്ദ്രശേഖര ശാസ്ത്രി | ആർ.എസ്.പി. | 16,230 |
2 | 1967 | കുന്നത്തൂർ നിയമസഭാമണ്ഡലം | കെ. ചന്ദ്രശേഖര ശാസ്ത്രി | ആർ.എസ്.പി. | 26,510 | 12,951 | ടി. കേശവൻ | കോൺഗ്രസ് | 13,559 |