A. P. Kurian
Quick Facts
Biography
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ കേരള നിയമസഭാസ്പീക്കറുമായിരുന്നു എ.പി. കുര്യൻ (ജീവിതകാലം: 06 ഒക്ടോബർ 1930 - 30 ഓഗസ്റ്റ് 2001). അങ്കമാലി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും അഞ്ചും ആറും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. ആറാം കേരള നിയമസഭയുടെ സ്പീക്കറായിരുന്ന കുര്യൻ ഈ പദവിയിലെത്തുന്ന ആദ്യത്തെ സി.പി.ഐ.എം നേതാവായിരുന്നു. നാല് തവണയായി പതിനേഴര വർഷം അദ്ദേഹം അങ്കമാലി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
കുടുംബം
അങ്കമാലിയിലെ തുറവൂർ പഞ്ചായത്തിൽ എ.കെ. പൗലോസിന്റേയും മറിയാമ്മയുടെയും മകനായി 1930 ഒക്ടോബർ ആറിന് ജനിച്ചു. തുറവൂർ സെന്റ് അഗസ്റ്റിൻ അപ്പർ പ്രൈമറി സ്കൂൾ, മാണിക്യമംഗലം എൻ.എസ്.എസ്. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയതിനുശേഷം തുടർപഠനത്തിനായി ആലുവ യു.സി. കോളേജിൽ ഇന്റർമീഡീയറ്റിന് ചേർന്നു, യു.സി. കോളേജിൽ വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ സജീവമായതിനാൽ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.കർഷകരുടെയും കുടികിടപ്പുകാരുടെയും ദീനതകൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി അദ്ദേഹം നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.
കുഞ്ഞമ്മയാണ് അദ്ദേഹത്തിന്റെഭാര്യ,പെൻ ബുക്സ് ഉടമ പോളി കെ. അയ്യമ്പള്ളി, വിജി, ജോബ് എന്നിവർ മക്കളും ഷിബി, ബോബി എന്നിവർ മരുമക്കളുമാണ്. നട്ടെല്ലിൽ അർബുദം ബാധിച്ചതിനേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 2001 ഓഗസ്റ്റ് 30ന് ഇദ്ദേഹം അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1991 | മുകുന്ദപുരം ലോകസഭാമണ്ഡലം | സാവിത്രി ലക്ഷ്മണൻ | കോൺഗ്രസ് (ഐ) | 362023 | 12,359 | എ.പി. കുര്യൻ | സി.പി.ഐ.എം. | 349,664 |
2 | 1982 | അങ്കമാലി നിയമസഭാമണ്ഡലം | എം.വി. മണി | കേരള കോൺഗ്രസ് (എം) | 40,056 | 2,377 | എ.പി. കുര്യൻ | സി.പി.ഐ.എം. | 37,679 |
3 | 1980 | അങ്കമാലി നിയമസഭാമണ്ഡലം | എ.പി. കുര്യൻ | സി.പി.ഐ.എം. | 40,565 | 1,806 | പി.ജെ. ജോയ് | ജനതാ പാർട്ടി | 38,759 |
4 | 1977 | അങ്കമാലി നിയമസഭാമണ്ഡലം | എ.പി. കുര്യൻ | സി.പി.ഐ.എം. | 36,261 | 561 | പി.പി. തങ്കച്ചൻ | കോൺഗ്രസ് | 35,700 |
5 | 1970 | അങ്കമാലി നിയമസഭാമണ്ഡലം | എ.പി. കുര്യൻ | സി.പി.ഐ.എം. | 26,626 | 1,306 | ജി. അരീകൽ | കോൺഗ്രസ് | 25,320 |
6 | 1967 | അങ്കമാലി നിയമസഭാമണ്ഡലം | എ.പി. കുര്യൻ | സി.പി.ഐ.എം. | 21,427 | 6,190 | എ.സി. ജോർജ്ജ് | കോൺഗ്രസ് | 15,237 |