കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ഇ.വി. കുമാരൻ (ജീവിതകാലം: 1930 - 03 ജൂൺ 2004). നാദാപുരം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1930-ൽ ജനിച്ചു, സുമതിയാണ് ഭാര്യ ഇദ്ദേഹത്തിന് രണ്ട് പെൺമക്കളുമാണുണ്ടായിരുന്നത്.
രാഷ്ട്രീയ ജീവിതം
നന്നേ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായ ഇ.വി. കുമാരൻ നിരവധി കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ സി.പി.ഐ.എം.നൊപ്പം നിന്ന ഇദ്ദേഹം സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലാക്കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വളരെ നീണ്ടകാലം സഹകരണമേഖലയിൽ പ്രവർത്തിച്ച ഇദ്ദേഹം കാൽനൂറ്റാണ്ടോളം കോഴിക്കോട് ജില്ലാസഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. കർഷകസംഘത്തിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വടകര താലൂക്ക് സർവീസ് ബാങ്ക് ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു. 1948നും 1951നും ഇടയിൽ ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. മൂന്നാം കേരള നിയമസഭയിൽ നാദാപുരത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ നാദാപുരത്ത് നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2004 ജൂൺ മൂന്നിന് അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|
1 | 1977 | നാദാപുരം നിയമസഭാമണ്ഡലം | കാന്തലോട്ട് കുഞ്ഞമ്പു | സി.പി.ഐ. | 37,391 | 7,070 | ഇ.വി. കുമാരൻ | സി.പി.ഐ.എം. | 30,321 |
2 | 1970 | നാദാപുരം നിയമസഭാമണ്ഡലം | എം. കുമാരൻ | സി.പി.ഐ. | 34,761 | 4,202 | ഇ.വി. കുമാരൻ | സി.പി.ഐ.എം. | 30,559 |
3 | 1967 | നാദാപുരം നിയമസഭാമണ്ഡലം | ഇ.വി. കുമാരൻ | സി.പി.ഐ.എം. | 31,395 | 16,459 | പി. ബാലകൃഷ്ണൻ | കോൺഗ്രസ് | 14,936 |
അവലംബം