കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എ.കെ. അപ്പു. ബാലുശ്ശേരി നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. കാക്കൂർ അണ്ടിയേങ്ങണ്ടി കുഞ്ഞിരാരുവിന്റെ മകനായി 1925 ഓഗസ്റ്റിൽ ജനിച്ച ഇദ്ദേഹത്തിന് മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണുള്ളത്. മലബാർ ക്രിസ്ത്യൻ കോളേജ്, പാലക്കാട് ഗവണ്മെന്റ് വിക്റ്റോറിയ കോളേജ്, മദ്രാസ് മെസ്റ്റൺ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗമായ അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലും, എസ്.എസ്.പിയിലും പ്രവർത്തിച്ചിരുന്നു. ഒരദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. മലബാർ ടീച്ചേഴ്സ് ഗിൽഡിന്റെ പ്രസിഡന്റ്, സ്കൂൾ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും പരവർത്തിച്ചിരുന്ന അദ്ദേഹം മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്. 1965ലും, 1967ലും ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് എസ്.എസ്.പി. പ്രതിനിധിയായി കേരളാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005 ജനുവരി 24ന് അദ്ദേഹം അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|
1 | 1967 | ബാലുശ്ശേരി നിയമസഭാമണ്ഡലം | എ.കെ. അപ്പു | എസ്.എസ്.പി. | 29,593 | 6,186 | ഒ.കെ. ഗോവിന്ദൻ | കോൺഗ്രസ് | 23,407 |
2 | 1965 | ബാലുശ്ശേരി നിയമസഭാമണ്ഡലം | എ.കെ. അപ്പു | എസ്.എസ്.പി. | 29,069 | 6,578 | ഒ.കെ. ഗോവിന്ദൻ | കോൺഗ്രസ് | 22,491 |
അവലംബം